Wednesday 1 January 2014

പുതുവർഷ ചിന്തകൾ

   വീണ്ടും   ഒരു  പുത്തൻ  വർഷം പടികടന്നെത്തിയിരിക്കുന്നു . ഏറെ പ്രതീക്ഷയോടും പ്രത്യശയോടുംകൂടി നാം അതിനെ വരവേറ്റു . പുതുവർഷത്തിലെ ഓരോ ദിനവും സന്തോഷവും സമാധാനവും മാത്രം പ്രദാനം ചെയ്യണമെന്ന് മനസ്സുകൊണ്ട്‌ ആഗ്രഹിക്കുന്നു. അതിനായി ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.

  എങ്കിലും നമുക്ക് ബോധ്യമുണ്ട് സന്തോഷം മാത്രമുള്ള ഒരു ജീവിതസ്വപ്നം മിഥ്യ ആണ് എന്ന്. ഒരു കുന്നുണ്ടെങ്കിൽ  ഒരു കുഴിയുമുണ്ട്. ഒരു മലയുണ്ടെങ്കിൽ  ഒരു താഴ്വാരവും .പ്രഭാതത്തിൽ ഏറെ അഭിമാനത്തോടും സന്തോഷത്തോടും  കൂടി ഉദിച്ചു  പൊങ്ങുന്ന സൂര്യനറിയാം സന്ധ്യയാകുമ്പോൾ  താൻ  തിരിച്ചുപോയെ മതിയാവു  എന്ന് . അതെ! അസ്തമയം സുനിശ്ചിതമാണ് . ഒരു രാത്രിക്ക് ഒരു പകൽ. ജീവിതനിയമങ്ങളെ നമുക്ക് നിഷേധിക്കാനാവില്ല .

  സുഖവും ദുഃഖവും ജീവിതനാണയത്തിന്റെ രണ്ടുവശങ്ങളാണ്. ഓരോ സന്തോഷത്തിനു പിന്നാലെയും ചെറുതും വലുതുമായ പ്രശ്നങ്ങളും അതിനെ തുടർന്നുള്ള വിഷമങ്ങളും പ്രയാസങ്ങളും നാം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. സന്തോഷം ആപേക്ഷികമാണ് .ഒരു വ്യക്തിക്ക് സന്തോഷം നല്കുന്ന  ഘടകമോ സാഹചര്യമോ മറ്റൊരു വ്യക്തിക്ക് സന്തോഷം നൽകണമെന്നില്ല . അത്  തന്നെയാണ് ദുഃഖം എന്ന വികാരത്തിന്റെ കാര്യവും . ചിലർ ചെറിയ പ്രശ്നങ്ങളിൽ അമിതമായി ദുഖിക്കുകയും തളരുകയും ചെയ്യുന്നു. മറ്റു ചിലർ എത്ര വലിയ പ്രശ്നങ്ങളിലും തന്റേടത്തോടെ തളരാതെ പിടിച്ചുനില്ക്കുന്നു.

  സന്തോഷത്തിന്റെ ഉറവിടം മനുഷ്യന്റെ മനസ്സാണ്. ഓരോ മനസ്സും വ്യത്യസ്തത പുലർത്തുന്നു. ഒരു വ്യക്തി മറ്റൊരു വ്യക്തിയിൽ നിന്നും തികച്ചും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിനു കാരണം. സന്തോഷമുള്ള ജീവിതത്തിനു സന്തോഷമുള്ള മനസ്സാണ് ആവശ്യം. അതിന്  ആദ്യം വേണ്ടത് സ്വന്തം മനസ്സിനെ തിരിച്ചറിയുക എന്നതാണ്. സ്വന്തം മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുകയും അവനവന്റെ മനസ്സിന്റെ സന്തൊഷമെന്തെന്നു വിവേകപൂർവ്വം വിവേചിച്ചറിയുകയും വേണം.

  മനുഷ്യജന്മം മഹത്തായ ദാനമാണ്. മറ്റു ജീവികളിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് മനുഷ്യൻ രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്. കോടാനുകോടി കോശങ്ങളുള്ള മനുഷ്യശരീരത്തിൽ അത്ഭുതപ്രതിഭാസങ്ങളുടെ ഉറവയായ ഒരു മനസ്സ് കുടിയിരുത്തപ്പെട്ടിരിക്കുന്നു എന്നത് മനുഷ്യന്റെ മാത്രം പ്രത്യേകതയും ഭാഗ്യവും ആണ്. ചിന്തകളുടെ നിലവറയാണ്  മനുഷ്യമനസ്സ്.  ചിന്തക്കനുസരിച്ചാണ് പ്രവർത്തികൾ നടക്കുന്നത്. ചിന്തകൾ നന്നായിരിക്കുമ്പോൾ അതിനെത്തുടർന്നുള്ള പ്രവർത്തികളും  നന്നായിരിക്കും. നല്ല ചിന്തകളുള്ള ഒരു മനസ്സും രോഗമില്ലാത്ത ഒരു ശരീരവും കൂടിചേരുമ്പോൾ നല്ലൊരു വ്യക്തിത്വം രൂപമെടുക്കുന്നു.

  മനുഷ്യമനസ്സിനെ ഒരു പളുങ്കുപാത്രത്തോട്‌ ഉപമിക്കാം. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അത് എളുപ്പത്തിൽ പൊട്ടിത്തകരും. വീണ്ടും പൂർവസ്ഥിതിയിലാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഒരു പാത്രത്തിൽ എന്താണോ നാം സംഭരിച്ചു വയ്ക്കുന്നത് അതാണ് മറ്റുള്ളവർക്കായി  വിളമ്പാൻ കഴിയുക. പാത്രം ശൂന്യമാണെങ്കിൽ ഒന്നും വിളമ്പാൻ ആവില്ല . ഉപയോഗിക്കാത്ത പാത്രത്തിൽ പ്രാണികളും പൊടിയും സ്ഥാനം പിടിക്കും. മറിച്ച് പാത്രം വൃത്തിയുള്ളതും ഭക്ഷണം രുചികരവും ആവുമ്പോൾ മറ്റുള്ളവർക്കായി വിളമ്പുന്ന നമ്മുടെ മനസ്സ് ഏറെ സന്തോഷം അനുഭവിക്കുന്നു.

  ഇത് തന്നെയാണ് മനസ്സിന്റെ അവസ്ഥയും. മനസ്സ് ശുദ്ധമായി സൂക്ഷിക്കുകയും അതിൽ ശുഭകരങ്ങളായ ചിന്തകൾ നിറച്ചു വയ്ക്കുകയും ചെയ്താൽ അത് നല്ല കർമ്മങ്ങളിലേക്ക് നമ്മെ നയിക്കും. കർമ്മത്തിനനുസരിച്ചാണ് ഫലം. നല്ല കർമ്മങ്ങൾ നല്ല ഫലം തരും. ചീത്ത കർമ്മങ്ങൾ ചീത്ത ഫലവും. സ്നേഹം, കരുണ, വാത്സല്യം, സഹകരണ മനോഭാവം, നീതിബോധം, ഉത്തരവാദിത്വബോധം, കൃത്യനിഷ്ഠ, സത്യം, ധര്മ്മം തുടങ്ങിയ നല്ല വികാരങ്ങൾ വിലപിടിപ്പുള്ള മുത്തുകളാണ്. ഇവയാണ് നാം മനസ്സിൽ നിറക്കേണ്ടത്.

  മറിച്ച് പക, വെറുപ്പ്‌, ദേഷ്യം, കോപം, അസൂയ, ഈർഷ്യ , സ്വാർത്ഥത , ചതി, വഞ്ചന, കളവ്  തുടങ്ങിയ നിഷേധാത്മക വികാരങ്ങൾ  മനസ്സിൽ നിറയുമ്പോൾ മനസ്സ് ദിശയും ദിക്കും തെറ്റി സഞ്ചരിക്കാൻ ഇടയാകും. ഇത് വ്യക്തിയെ നാശത്തിലേക്ക് വലിച്ചിഴക്കും. ദിശ തെറ്റി സഞ്ചരിക്കുന്ന മനസ്സിന്റെ പ്രവർത്തികളും തെറ്റായ രീതിയിലായിരിക്കും. ഇത് മനസ്സിന്റെ സന്തോഷവും സുഖവും നഷ്ടപ്പെടുത്താൻ ഇടയാക്കുന്നു. മനസ്സ് അന്ധകാരം കൊണ്ട് നിറയുമ്പോൾ മനസ്സിലെ പ്രകാശമായ ഈശ്വരസാന്നിദ്ധ്യം  അപ്രത്യക്ഷമാകാൻ കാരണമാവുകയും ചെയ്യുന്നു. പതിയെ മനസ്സ് നിരാശയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്താൻ തുടങ്ങുന്നു.

  മനസ്സിന്റെ കടിഞ്ഞാണ്‍  നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ആത്മവിശ്വാസവും ധൈര്യവും കൈവിടാതിരിക്കുക.
ഒപ്പം നന്മ നിറഞ്ഞ ഒരു മനസ്സ്....കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ സന്തോഷിക്കുന്ന ഒരു മനസ്സ്....മറ്റുള്ളവരെ ആശ്വസിപ്പിക്കുന്ന മനസ്സ്....
                                                                                        
                                                                     പുതുവർഷാശംസകൾ !!!